Sree Pazhanchira Devi

Tuesday, March 19, 2013

വിവരണം:ശ്രീ പഴഞ്ചിറ ദേവീക്ഷേത്രം

ശ്രീ പഴഞ്ചിറ ദേവീക്ഷേത്രം , തിരുവനന്തപുരം 


തിരുവനന്തപുരം നഗരത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനും തിരുവല്ലം പരശുരാമക്ഷേത്രത്തിനും മദ്ധ്യേയാണ്‌ ചിരപുരാതനമായ പഴഞ്ചിറദേവീക്ഷേത്രം. ശ്രീ ഭൂതബലി വെളിച്ചപ്പാടായി നടക്കുന്ന അപൂര്‍വ്വ ക്ഷേത്രം. പണ്ട്‌ പഴയചിറ എന്ന്‌ അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട്‌ പഴഞ്ചിറയായി മാറിയെന്ന്‌ ഐതീഹ്യം. ക്ഷേത്രാങ്കണത്തില്‍ ശിഖരങ്ങള്‍ നീട്ടി നില്‍ക്കുന്ന അരയാലും പടിഞ്ഞാറുഭാഗത്തുള്ള കാഞ്ഞിരമരവും കിഴക്കുവശത്ത്‌ കാണുന്ന ചെമ്പകവും പൂഴിമണ്ണുള്ള മുറ്റവും ആരെയും ആകര്‍ഷിക്കും. സിംഹാരൂഢനായ ഭദ്രകാളിയുടെയും ധ്യാനനിരതയായ മൂകാംബികയുടേയും മറ്റ്‌ മനോജ്ഞനമായ ശില്‍പങ്ങളുണ്ടിവിടെ. ശ്രീകോവിലില്‍ ശ്രീ ഭദ്രകാളി – വാത്സല്യമയിയായി ചിരിക്കുന്ന അമ്മ. ചതുര്‍ബാഹു വിഗ്രഹം. തൃക്കൈകളില്‍ നാലിലും തൃശൂലവും അമൃതകലശവും പരിചയും ഉടവാളുമുണ്ട്‌. വലതുകാല്‍ മടക്കി വച്ച്‌ പരബ്രഹ്മസ്വരൂപിണിയായ പഴഞ്ചിറയിലെ ഭഗവതി വിളങ്ങുന്നു. പിന്നീല്‍ ഗണപതിയും പ്രദക്ഷിണവഴിയില്‍ നവഗ്രഹങ്ങളും ബ്രഹ്മരക്ഷസ്‌ വശത്തുമുണ്ട്‌.വൃക്ഷച്ചുവട്ടില്‍ നാഗരുടേയും അകത്ത്‌ യോഗീശ്വരന്റെയും രക്തചാമുണ്ഡിയുടെ വാസസ്ഥലവും കാണാം. ദേവീപ്രതിഷ്ഠ നിര്‍വഹിച്ചത്‌ യോഗീശ്വരനായിരുന്നുവെന്നും ആ ദിവ്യന്‍ ഉപാസിച്ചിരുന്ന ദേവതയായിരുന്നു ചാമുണ്ഡിയെന്നും പഴമ.


ക്ഷേത്രത്തില്‍ നടന്നുവരുന്ന സ്വയംവരാര്‍ച്ചനയ്ക്ക്‌ സവിശേഷത, ഈ വഴിപാടിലൂടെ വേഗത്തില്‍ മംഗല്യഭാഗ്യവും സിദ്ധിക്കുമെന്ന്‌ അനുഭസ്ഥര്‍, എല്ലാ മലയാളമാസവും ഒന്നാം തീയതി വിശേഷദിവസങ്ങളിലും പറനിറയ്ക്കല്‍ വഴിപാടുണ്ട്‌. മലര്‍, മഞ്ഞള്‍, നെല്ല്‌, ഇവ നിറച്ചുകൊണ്ടുള്ള വിശിഷ്ട വഴിപാടാണിത്‌. മഞ്ഞള്‍ നിറയ്ക്കുന്നത്‌ മംഗല്യഭാഗ്യത്തിനും രോഗശാന്തിക്കുമാണെങ്കിലും മലരും നെല്ലും കുടുംബൈശ്വര്യത്തിനും വിദ്യാഭ്യാസത്തിന്റെ ഉന്നതിക്കുമാണ്‌. മണ്ഡലകാലത്ത്‌ പഴഞ്ചിറയില്‍ പലതരം ആഘോഷങ്ങളാണ്‌. നാല്‍പത്തിയൊന്നാം ദിവസം പഞ്ചാമൃതാഭിഷേകം ചെയ്ത്‌ ദേവിയെ പ്രീതിപ്പെടുത്തുന്ന ചടങ്ങുണ്ട്‌. ആടി ചൊവ്വ കുട്ടികളുടെ വിവിധ പരിപാടികളോട്‌ ആഘോഷിച്ചിരുന്നു. നവരാത്രി ആഘോഷത്തിന്‌ വിപുലമായ പരിപാടികളാണ്‌. അതില്‍ ചണ്ഡികാഹോമം പ്രധാനം. കന്യകമാരെ ക്ഷേത്രത്തില്‍ കൊണ്ടുവന്ന്‌ ദേവിയുടെ മുന്നില്‍ നിര്‍ത്തി ഭക്ഷണവും വസ്ത്രവും ദാനം ചെയ്തുള്ള ഹോമം. കൂടാതെ സമൂഹലക്ഷാര്‍ച്ചനയും സമൂഹസദ്യയും കൊണ്ട്‌ അന്നത്തെ പരിപാടികള്‍ കേമമാകും. ഭഗവതിയുടെ അനുഗ്രഹത്തിനായി നൂറുകണക്കിന്‌ ഭക്തരെത്തും. ആഘോഷത്തിന്റെ ഭാഗമായി അഭീഷ്ടസിദ്ധിക്കായി മഹാഗണിപതി ഹോമവും മഹാസുദര്‍ശനഹോമവും പുരുഷസൂക്തം, ഐകമത്യസൂക്തം, ശ്രീസൂക്തം തുടങ്ങിയ മറ്റ്‌ ഹോമങ്ങളും കൂടാതെ വൈകുന്നേരങ്ങളില്‍ കല്‍പോക്ത പൂജയും ഭക്തിഗാനസുധയുമുണ്ടാകും. ഇതെല്ലാം തലസ്ഥാനനഗരിയിലെ ജനങ്ങള്‍ക്ക്‌ ഭക്തിദ്യോതകമായ ദൃശ്യമാകും.


മീനമാസത്തിലാണ്‌ പഴഞ്ചിറ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവം. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവം മകയിരം നാളിലെ തോറ്റം പാട്ടോടെയാണ്‌ ആരംഭിക്കുന്നു. രാവിലെ ദ്രവ്യകലശാഭിഷേകം നടക്കും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. പള്ളിപ്പലകയില്‍ പണം വച്ച്‌ കുത്തിയോട്ടവൃ,തം മൂന്നാം ദിവസം തുടങ്ങും. ആയില്യം നാളില്‍ കളമെഴുത്തും സര്‍പ്പപ്പാട്ടുമാണ്‌. മണ്ണാറശാലയില്‍ നിന്നെത്തുന്ന പുള്ളുവരാണിതില്‍ പങ്കെടുക്കുക. ആയില്യം നക്ഷത്രത്തില്‍ ജനിച്ച മൂന്നുപേരെ ഇതിനായി തിരഞ്ഞെടുക്കും. ഇവര്‍ക്ക്‌ അഞ്ചുദിവസത്തെ വൃതാനുഷ്ഠാവുമുണ്ട്‌. ഇവരെ സര്‍പ്പക്കളത്തില്‍ നിര്‍ത്തി പുള്ളിവന്‍ പാട്ടുപാടും. അവര്‍ വെളിച്ചപ്പാടായി കളമഴിക്കും. അപ്പോള്‍ അവരുടെ ദേഹത്ത്‌ മഞ്ഞള്‍പ്പൊടി വിതറുകയും വെള്ളമൊഴിക്കുകയും ചെയ്യും. അവര്‍ എല്ലാവര്‍ക്കും പ്രസാദം നല്‍കുന്നതോടെ ദിവ്യമായ ആ ചടങ്ങ്‌ അവസാനിക്കും. ആറാം ദിവസം രാത്രിയിലാണ്‌ പ്രസിദ്ധമായ ഭൂതബലി. മേല്‍ശാന്തി വെളിച്ചപ്പെടാകുന്ന അഭൂതപൂര്‍വമായ ചടങ്ങാണിത്‌. കാലില്‍ ചിലമ്പണിഞ്ഞ്‌ കൈകളില്‍ ശൂലവും ഉടവാളുമേന്തി പട്ടുടയാട ചുറ്റി പുറകോട്ടടിവച്ചുള്ള ബലിക്ക്‌ സാക്ഷ്യം വഹിക്കാനെത്തുന്നത്‌ ആയിരക്കണക്കിന്‌ ഭക്തരാണ്‌. എന്നാല്‍ ഈ സമയത്ത്‌ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അകത്ത്‌ പ്രവേശനമുണ്ടാകില്ല. പൂരം നാളില്‍ ഉച്ചയ്ക്കാണ്‌ പാവനമായ പൊങ്കാല. അന്ന്‌ കുത്തിയോട്ടവും പുറത്തെഴുന്നെള്ളിപ്പും നടക്കും. വൈകുന്നേരം ദേവിയുടെ സ്വര്‍ണത്തിടമ്പ്‌ ആനപ്പുറത്തേറ്റിയുള്ള എഴുന്നെള്ളത്ത്‌ ആരംഭിക്കും. പരവന്‍കുന്ന്‌, കല്ലാട്ടുമുക്ക്‌, കമലേശ്വരം, ഇരുംകുളങ്ങര എന്നിവിടങ്ങളിലെത്തി മുട്ടത്തറയിലൂടെ വട്ടുവത്ത്‌ ക്ഷേത്രത്തിലെത്തി അവിടെ ഇറക്കി പൂജ നടക്കും. പിന്നീട്‌ പരുത്തിക്കുഴി വഴി ക്ഷേത്രസന്നിധിയില്‍ തിരിച്ചെത്തും. ആ രാത്രിയില്‍ കുരുതി തര്‍പ്പണവും നടക്കും. പുരാതനമായി നടന്നുവരുന്ന അനുഷ്ഠാനമനുസരിച്ച്‌ ഏഴാം ദിവസം നടയടയ്ക്കും.

No comments:

Post a Comment